കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: വര്‍ഗീസ് ഇഡിക്ക് മുന്പില് ഇന്ന് ഹാജരാകില്ല
Tuesday, December 5, 2023 10:11 AM IST
തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ചൊവ്വാഴ്ച ഇഡിക്ക് മുന്പില് ഹാജരാകില്ല. നവകേരള സദസില്‍ പങ്കെടുക്കണ്ടത് ചൂണ്ടിക്കാട്ടി വര്‍ഗീസ് ഇഡിക്ക് അവധി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഏഴിനുശേഷം ഹാജരാകാന്‍ സാവകാശം അനുവദിക്കണമെന്നാണ് അപേക്ഷ.
ഇത് മൂന്നാം തവണയാണ് ഇഡി നോട്ടീസ് നല്കി ഇദ്ദേഹത്തെ വിളിപ്പിക്കുന്നത്. നേരത്തെ, നവംബര്‍ 24നും ഈ മാസം ഒന്നിനും വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തിരുന്നു.
പാര്‍ട്ടിക്ക് കരുവന്നൂര്‍ ബാങ്കില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ജില്ലാ നേതൃത്വം നേരിട്ട് കൈകാര്യം ചെയ്ത അക്കൗണ്ടുകള്‍ കരുവന്നൂരില്‍ ഉണ്ടെന്നും ബെനാമി ലോണ്‍ അനുവദിച്ചതിനുള്ള കമ്മീഷന് ഈ അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി പറയുന്നത്.
വായ്പകള്‍ അനുവദിക്കാന്‍ പാര്‍ട്ടി സബ് കമ്മിറ്റി പ്രവര്‍ത്തിച്ചിരുന്നു എന്നതടക്കമുള്ള ജീവനക്കാരുടെയും മുന്‍ ഭരണസമിതി അംഗങ്ങളുടേയും മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ജില്ലാസെക്രട്ടറിയിലേക്ക് എത്തിയത്.