ഓട്ടോറിക്ഷകളിൽ കടത്താൻ ശ്രമിച്ച 15 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ
Tuesday, December 5, 2023 7:38 AM IST
തിരുവനന്തപുരം: രണ്ട് ഓട്ടോറിക്ഷകളിലായി കടത്താൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിലായി.
പവർഹൗസ് റോഡിൽ വച്ച് ഇവരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടുകയായിരുന്നു.
അന്യസംസ്ഥാനത്തു നിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തിച്ച കഞ്ചാവാണ് ഓട്ടോയിൽ കടത്തവെ പിടികൂടിയത്.
അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരാണ് അറസ്റ്റിലായത്. ഇവർ വന്ന ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരും, ഐബി യൂണിറ്റും, തിരുവനന്തപുരം റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ തന്ത്രപരമായി പിടികൂടിയത്.