ഫൈവ് സ്റ്റാർ ഹോട്ടലെന്നു തെറ്റിദ്ധരിച്ച് ആളുകൾ റൂം ചോദിച്ച് എത്തുന്നു; സർക്കാർ സ്കൂളുകളുടെ നിലവാരത്തെക്കുറിച്ച് മന്ത്രി
Tuesday, December 5, 2023 2:13 AM IST
തൃശൂർ: കേരളത്തിലെ വിദ്യാലയങ്ങളുടെ നിലവാരത്തെ പുകഴ്ത്തി നവകേരള സദസിൽ സംസാരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
റോഡരികിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ കണ്ട് ആളുകൾ ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് റൂം ചോദിച്ച് ചെല്ലുന്നതായി മന്ത്രി പറഞ്ഞു.
തൃശൂർ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എയ്ഡഡ് മേഖലയിലും സർക്കാർ മേഖലയിലും പഠിക്കുന്ന വിദ്യാർഥികൾ കേരളത്തിന്റെ മക്കളാണെന്ന മനോഭാവം തന്നെയാണ് സർക്കാരിനുള്ളത്.
വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. വീണ്ടും അത് അൺ എയ്ഡഡ് മേഖലയിൽ കൊണ്ടുവരാൻ പരിശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
5000 കോടി രൂപയാണ് കേരളത്തിലെ വിദ്യാലയങ്ങൾക്ക് വേണ്ടി മുടക്കിയത്. ഇവിടെ ഇരിക്കുന്ന പ്രായം ചെന്നവർക്ക് ഒന്നുകൂടി സ്കൂളിൽ ചെന്നിരിക്കാൻ തോന്നും.
പലരും റോഡ് സൈഡിലിരിക്കുന്ന കെട്ടിടങ്ങൾ കണ്ട് ഫൈവ് സ്റ്റാർ ഹോട്ടലാണോയെന്ന് തെറ്റിദ്ധരിച്ച് റൂം ഉണ്ടോയെന്ന് ചോദിച്ച് കയറിച്ചെല്ലുന്നു.
വയനാട്ടിൽ കഴിഞ്ഞ ദിവസം ഒരു സ്കൂൾ ഉദ്ഘാടനം ചെയ്തു. പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ സ്കൂളാണത്. അഞ്ചു കോടി രൂപ മുടക്കിയാണ് ആ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ആദ്യത്തെ ലിഫ്റ്റ് വച്ച സർക്കാർ വിദ്യാലയം കൂടിയാണതെന്നും മന്ത്രി പറഞ്ഞു.