ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ലോഡ്ജിൽ മരിച്ച സംഭവം കൊലപാതകമെന്നു സംശയം; അമ്മയും അച്ഛനും കസ്റ്റഡിയിൽ
Monday, December 4, 2023 10:34 PM IST
കൊച്ചി: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്.
ഡിസംബർ ഒന്നിനാണ് ഇവർ കുഞ്ഞുമായി ലോഡ്ജിൽ എത്തി മുറിയെടുത്തത്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കൊലപാതകമെന്നു സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.
ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് കുഞ്ഞിനെ എളമക്കരയില്‍ താമസിക്കുന്ന മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്.
കുട്ടി അസ്വസ്ഥത കാണിച്ച് നിര്‍ത്താതെ നിലവിളിച്ചുവെന്നും പിന്നീട് ഉറങ്ങിയിട്ട് എണീക്കുന്നില്ലെന്നും പറഞ്ഞാണ് ദമ്പതികള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
ആ സമയം കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്ര വിവാഹിതരായ ദമ്പതികളില്‍ പിതാവ് കണ്ണൂര്‍ സ്വദേശിയും മാതാവ് ആലപ്പുഴ സ്വദേശിനിയുമാണ്.
കുഞ്ഞ് ഉറങ്ങുന്നത് കണ്ട് തങ്ങളും ഉറങ്ങിപ്പോയിയെന്നാണ് ഇവര്‍ പോലീസിനെ അറിയിച്ചത്.