ഭർത്താവ് മർദിക്കുന്നു: ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരന് മർദനം
Monday, December 4, 2023 10:06 PM IST
മാന്നാർ: ഭർത്താവ് ക്രൂരമായി മർദിക്കുന്നുവെന്ന് ഭാര്യ പോലീസിൽ വിളിച്ച് പറഞ്ഞതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പോലീസുകാരനെ ചപ്പാത്തിക്കോലിന് അടിച്ചു പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ.
ബുധനുർ എണ്ണക്കാട് പൈവള്ളി തോപ്പിൽ രുധിമോൻ (40) ആണ് ചപ്പാത്തിക്കോൽ കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു പരിക്കേൽപിച്ചത്. ഇയാളുടെ മർദനത്തിൽ പരിക്കേറ്റ മാന്നാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ ദിനീഷ്ബാബുവിനെ(48) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. രുധിമോൻ മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് ഭാര്യയും അമ്മയും ചേർന്നാണ് 112ൽ വിളിച്ച് പരാതി പറഞ്ഞത്. ഇത് അന്വേഷിക്കാനാണ് എസ്ഐ സജികുമാറും ദിനീഷ് ബാബുവും ഉൾപ്പടെയുള്ള സംഘം സ്ഥലത്തെത്തിയത്.
ഈ സമയം വെട്ടുകത്തിയുമായി നിൽക്കുകയായിരുന്നു രുധിമോൻ. മദ്യലഹരിയിലായിരുന്ന ഇയാളെ അനുനയിപ്പിച്ച് പോലീസുകാർ കത്തി വാങ്ങി. തുടർന്ന് വസ്ത്രം മാറിവരാനായി വീടിനുള്ളിലേക്ക് കയറിയ യുവാവ് ചപ്പാത്തിക്കോലുമായി എത്തി പോലീസുകാരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.
തുടർന്ന് ദിനീഷ്ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.