മിസോറം ആരോഗ്യമന്ത്രിക്കും തോൽവി; സെഡ്പിഎമ്മിന് ജയം
Monday, December 4, 2023 12:51 PM IST
ഐസ്വാൾ: മിസോറം തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എംഎൻഎഫിന് വീണ്ടും തിരിച്ചടി. ഉപമുഖ്യമന്ത്രിക്ക് പിന്നാലെ ആരോഗ്യമന്ത്രി ആർ. ലാൽതംഗ്ലിയാനയും പരാജയപ്പെട്ടു. സൗത്ത് തുയ്പുയ് സീറ്റിൽ സെഡ്പിഎമ്മിന്റെ ജെജെ ലാൽപെഖ്ലുവയോട് 135 വോട്ടിനാണ് ലാൽതംഗ്ലിയാന അടിയറവുപറഞ്ഞത്.
ജെജെ ലാൽ പെഖ്ലുവ 5,468 വോട്ടുകളാണ് നേടിയത്. അതേസമയം, ലാൽതംഗ്ലിയാനയ്ക്ക് 5,333 വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർഥി സി. ലാൽദിന്റ്ലുവാംഗയ്ക്ക് 2,958 വോട്ടുകളാണ് ലഭിച്ചത്.
നേരത്തെ, തൂയ്ചാംഗ് മണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി തൗണ്‍ലൂയ 909 വോട്ടിന് സെഡിപിഎമ്മിന്റെ സ്ഥാനാര്‍ഥിയോട് തോറ്റിരുന്നു. ഐസ്വാൾ ഈസ്റ്റ് ഒന്നില്‍ നിന്ന് ജനവിധി തേടിയ മുഖ്യമന്ത്രി സോറംതാംഗ രണ്ടായിരത്തിലേറെ വോട്ടിന് പിന്നിലാണ്.
നിലവിൽ 26 സീറ്റുകളുമായി സെഡ്പിഎം കേവലഭൂരിപക്ഷം ഉറപ്പിച്ചുകഴിഞ്ഞു. 10 സീറ്റിൽ മാത്രമാണ് എംഎൻഎഫിന് മുന്നേറ്റം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിതുടങ്ങി ആദ്യ നിമിഷങ്ങളിൽ മാത്രമാണ് എംഎന്‍എഫിന് ലീഡ് ഉയർത്താനായത്. പിന്നീട് സെഡ്പിഎം വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു.