വീണ്ടും റിക്കാർഡ് ഭേദിച്ച് സ്വർണം; ഇന്നു കൂടിയത് 320 രൂപ
Monday, December 4, 2023 12:10 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,885 രൂപയും പവന് 47,080 രൂപയുമായി. ഡിസംബര്‍ രണ്ടിലെ റിക്കാര്‍ഡ് വിലയാണ് ഇന്ന് തകര്‍ത്തത്. അന്ന് ഗ്രാമിന് 5,845 രൂപയും പവന് 46,760 രൂപയുമായിട്ടാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. സ്വര്‍ണവില 2142 ഡോളര്‍ വരെ പോയിരുന്നത് ഇപ്പോള്‍ 2087 ഡോളറിലാണ്. 2077 ഡോളറായിരുന്നു മുന്‍ റിക്കാര്‍ഡ്. കഴിഞ്ഞ ദിവസങ്ങളിലും സ്വര്‍ണവില റിക്കാര്‍ഡിലെത്തിയിരുന്നു.
വന്‍കിട നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ വിറ്റഴിക്കാതെ തുടരുന്നതാണ് സ്വര്‍ണവിലയിലെ വന്‍ കുതിപ്പിനു കാരണം. പശ്ചിമേഷ്യയിലെ വെടി നിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ന് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലി ഉള്‍പ്പെടെ അമ്പതിനായിരം രൂപയ്ക്കു മുകളില്‍ മുടക്കേണ്ടിവരും.