നവകേരള സദസിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനം; പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി കെ.സുധാകരന്
Monday, December 4, 2023 9:52 AM IST
ന്യൂഡല്‍ഹി: നവകേരള സദസുമായി ബന്ധപ്പെട്ട് വിഐപി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ നടക്കുന്നത് മനുഷ്യാവകാശലംഘനമെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ലോക്സഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്കി.
പലയിടങ്ങളിലും പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുന്നെന്ന് നോട്ടീസിൽ പറയുന്നു. പോലീസുകാര്‍ പ്രതിഷേധക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ഇ.ബൈജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് പീഢിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. മനുഷ്യാവകാശ ലംഘനമായി കണ്ട് സംഭവത്തില്‍ അന്വേഷണം വേണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.