കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ; പിടികൂടിയത് ഗോവയിൽ നിന്ന്
Sunday, December 3, 2023 2:03 AM IST
പനാജി: ഒളിവിലായിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയിൽ. നിരവധി കേസുകളില്‍ പ്രതിയായ ഓം പ്രകാശിനെ ശനിയാഴ്ച ഗോവയില്‍ നിന്നാണ് കേരള പോലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ പ്രതിയാണ് ഓം പ്രകാശ്.
ഈ കേസില്‍ വധശ്രമം ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ, ഓം പ്രകാശ് ഒളിവിൽ പോവുകയായിരുന്നു.
ഇയാള്‍ രാജ്യം വിട്ടുവെന്നായിരുന്നു പോലീസിന് മുന്‍പ് ലഭിച്ച വിവരം. എന്നാല്‍, കഴിഞ്ഞ ദിവസം പ്രതി ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വിവരം ലഭിക്കുകയായിരുന്നു. ഓം പ്രകാശുമായി പോലീസ് സംഘം ഇന്ന് തിരുവനന്തപുരത്തെത്തുമെന്നാണ് കരുതുന്നത്.