ഗവർണർ ആർഎസ്എസിന്റെ ദണ്ഡായി മാറിയെന്ന് മുഖ്യമന്ത്രി
Saturday, December 2, 2023 6:24 PM IST
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആർഎസ്എസിന്റെ ദണ്ഡായി മാറിയെന്ന് മുഖ്യമന്ത്രി പാലക്കാട്ട് നടന്ന നവകേരള സദസിൽ പറഞ്ഞു.
നിങ്ങൾ ഇരിക്കുന്ന സ്ഥാനത്ത് ഇരിക്കാൻ അർഹനാണെങ്കിൽ, ആ സ്ഥാനത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനാണ്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്. കേരളത്തിന് എതിരായ ഒരു മനുഷ്യൻ കേരളത്തിന്റെ ഗവർണർ ആയിരുന്നാൽ എങ്ങനെ ഇരിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് മന്ത്രിമാർ അല്ല, പ്രൈവറ്റ് സെക്രട്ടറിമാരാണ് ഭരിക്കുന്നതെന്ന് പറയാൻ എന്ത് അനുഭവമാണ് ഈ മനുഷ്യനുള്ളത്. ആർഎസ്എസിനും സംഘപരിവാറിനും ചെയ്യാൻ കഴിയാത്ത ഒരു കാര്യം ആർഎസിസിന്റെ ദണ്ഡുമെറ്റെടുത്ത് ഗവർണർ ചെയ്യുന്നു എന്നുമാത്രമേ പറയാൻ കഴിയു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.