റിയൽ ഹീറോകളെ ആദരിച്ച് കേരള പോലീസ്
Saturday, December 2, 2023 5:53 PM IST
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ റിയൽ ഹീറോകളെ ആദരിച്ച് കേരള പോലീസ്. ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇരയായ പെൺകുട്ടിയെയും സഹോദരനെയുമാണ് കേരള പോലീസ് ആദരിച്ചത്.
ഹീറോ കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ എഡിജിപി എം.ആർ. അജിത്കുമാർ ഇരുവർക്കും മൊമെന്റോ കൈമാറി. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിരോധമാണ് സഹോദരന്റെ ഭാഗത്തുനിന്നുണ്ടായതെന്നും എഡിജിപി പറഞ്ഞിരുന്നു.
സംഭവദിവസം നാലേകാലോടെ പ്രതികൾ കാറിൽ സ്ഥലത്തെത്തി കുട്ടികളെ കാത്തിരിക്കുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് എത്തിയ കുട്ടികളെ തടഞ്ഞ് പെൺകുട്ടിയെ ആദ്യം കാറിൽ വലിച്ചുകയറ്റി. ഇതുകണ്ട സഹോദരൻ തടയാൻ ശ്രമിച്ചു. കുട്ടി നന്നായി പോരാടി, കാറിന്റെ ഡോറിൽ തൂങ്ങിക്കിടന്ന കുട്ടി ഒടുവിൽ പുറത്തേക്ക് വീണു. ഇതോടെ പെൺകുട്ടിയെയും കൊണ്ട് പ്രതികൾ സ്ഥലംവിടുകയായിരുന്നെന്ന് എഡിജിപി പറഞ്ഞു.
സഹോദരനു പുറമേ കേസിൽ രണ്ടു ഹീറോകൾ കൂടിയുണ്ട്. കൃത്യമായി വിവരങ്ങൾ നല്കിയ പെൺകുട്ടി തന്നെ ഹീറോയാണ്. കൂടാതെ കുട്ടികൾ നല്കിയ വിവരമനുസരിച്ച് കൃത്യമായി രേഖാചിത്രം തയാറാക്കിയ ദമ്പതികളും ഹീറോകളാണെന്നും എം.ആർ. അജിത്കുമാർ പറഞ്ഞിരുന്നു.