റീകൗണ്ടിംഗിലും എസ്എഫ്ഐ; കേരളവര്മയില് അനിരുദ്ധന് ചെയര്മാന്
Saturday, December 2, 2023 4:59 PM IST
തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന് ചെയര്മാന് സ്ഥാനം എസ്എഫ്ഐയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന റീകൗണ്ടിംഗില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധന് വിജയിച്ചു.
ശനിയാഴ്ച നടന്ന റീകൗണ്ടിംഗില്‍ എസ്എഫ്ഐയ്ക്ക് 892 വോട്ടും കെഎസ്യുവിന്റെ ചെയര്മാന് സ്ഥാനാര്‍ഥി ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. ഇതോടെ മൂന്നുവോട്ടുകള്‍ക്ക് അനിരുദ്ധന് വിജയിച്ചു.
കഴിഞ്ഞ മാസം ഒന്നിന് ആയിരുന്നു കേരളവര്‍മ കോളജ് യൂണിയന് ചെയര്മാന് തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോള്‍ ശ്രീക്കുട്ടന് 896 വോട്ടും അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. പിന്നീട് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധന് 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
എന്നാല്‍ ഇതിനെതിരേ ശ്രീക്കുട്ടന് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് അനിരുദ്ധന്റെ വിജയം ഹൈക്കോടതി റദ്ദാക്കുകയും റീകൗണ്ടിംഗ് നടത്താന്‍ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.