പാലക്കാട്ടെ ലീഗ് നേതാവ് എൻ.കെ. സുബൈദ നവകേരള സദസിൽ
Saturday, December 2, 2023 10:55 AM IST
പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് നേതാവും മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയുമായ എന്‍.കെ. സുബൈദ. രാമനാഥപുരത്തെ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്.
രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും
പാര്‍ട്ടി നടപടിയെ കുറിച്ച് ഭയമില്ലെന്നും സുബൈദ പറഞ്ഞു.
നാടിന്റെ വികസനത്തിന്റെ കാര്യത്തിൽ പങ്കാളിയാകാനുള്ള ഉദ്ദേശ്യത്തോടുകൂടിയാണ് പങ്കെടുത്തത്. ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ല. ഇപ്പോഴും ലീഗ് അംഗമാണെന്നും പരിപാടിയിൽ പങ്കെടുക്കരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടില്ലെന്നും സുബൈദ കൂട്ടിച്ചേർത്തു.
അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയതാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെ തുടര്‍ന്നാണ് പുറത്താക്കിയതെന്നും നേതൃത്വം അറിയിച്ചു.
മുന്‍ ഡിസിസി പ്രസിഡന്റ് എ.വി. ഗോപിനാഥും നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് യോഗത്തിനെത്തിയത്.