കെഎസ്യു നേതാവിന്റെ കഴുത്തുഞെരിച്ച സംഭവം: ഡിസിപി ബൈജുവിനെതിരേ പ്രതിഷേധം ശക്തം
Tuesday, November 28, 2023 3:27 PM IST
കോഴിക്കോട്: നവ കേരള യാത്രയ്ക്കെതിരേ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജു കഴുത്തില്‍ കൈയിട്ടു മുറുക്കി ക്രൂരമായി പീഡിപ്പിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
ബൈജുവിന്റെ നടപടിക്കെതിരേ ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യും.
ബൈജുവിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു കെഎസ്യു പരാതി നല്കി. ദേശീയ മനുഷ്യാവകാശ കമ്മിഷന്, പോലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവയ്ക്കും പരാതി നല്‍കുന്നുണ്ട്. ബൈജുവിനെതിരേ നടപടിയാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ദേശീയ മനുഷ്യാവകാശ കമ്മീഷനു കത്ത് നല്കി.
കോഴിക്കോട്ടെ നവകേരള സദസിന്റെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് കെഎസ്യു പ്രവര്ത്തകന് ജോയല്‍ ആന്റണി, ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് അടക്കമുള്ള പ്രവര്‍ത്തകരെ ഡിസിപി ക്രൂരമായി പീഡിപ്പിച്ചത്.
കൈമുട്ടുകൊണ്ട് കഴുത്തില്‍ മുറുക്കിപിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു പീഡനം. വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഈസ്റ്റ്ഹില്‍ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജിലെ മൂന്നാം വിദ്യാര്‍ഥിയാണ് കെഎസ്യു യൂണിറ്റ് പ്രസിഡന്റ് ജോയല്‍.
എരഞ്ഞിപ്പാലത്തുവച്ചാണ് ഇവര്‍ക്കെതിരേ പോലീസ് നടപടിയുണ്ടായത്. രാവിലെ പ്രഭാതയോഗം കഴിഞ്ഞു മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ പ്രതിഷേധിക്കാന്‍ എത്തിയ കെഎസ്യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതോടെ ഇവര്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയത്താണ് കെ.ഇ. ബൈജു കഴുത്തില്‍ കൈയിട്ടുമുറുക്കി ശ്വാസം മുട്ടിച്ച് ഇവരെ പോലീസ് വാഹനത്തിലേക്ക് കയറ്റിയത്.
ജോയല്‍ ആന്റണിയുടെ കഴുത്തില്‍ ക്രൂരമായാണ് മുറുക്കിയത്. ശ്വാസംമുട്ടി മരിക്കുമെന്നഘട്ടം വരെ എത്തിയതായി ജോയല്‍ പറയുന്നു. വി.ടി. സുരജിനെയും ഇത്തരത്തിലാണ് പിടിച്ചു മുറുക്കിയത്. വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയായതായി ഇവര്‍ പറഞ്ഞു.
നവകേരള സദസിന്റെ മറവില്‍ പോലീസും ഡിവൈഎഫ്ഐയും ചേര്‍ന്ന് കെഎസ്യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു മര്‍ദിക്കുയും അടിച്ചൊതുക്കുകയും ചെയ്യുകയാണെന്നാണ് ആരോപണം.