കേരളവര്‍മ തെരഞ്ഞെടുപ്പ്; റീകൗണ്ടിംഗ് സുതാര്യമായി നടന്നാല്‍ കെഎസ്യു വിജയിക്കുമെന്ന് ശ്രീക്കുട്ടന്
Tuesday, November 28, 2023 1:27 PM IST
തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി റീകൗണ്ടിംഗിന് ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്. സുതാര്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് റീകൗണ്ടിംഗ് നടന്നാല്‍ കെഎസ്യു വിജയിക്കുമെന്ന് ശ്രീക്കുട്ടന് പ്രതികരിച്ചു.
കേരളവര്‍മ കോളജിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അനുകൂലമായ വിധിയുണ്ടായതില്‍ സന്തോഷമെന്നും ശ്രീക്കുട്ടന് പറഞ്ഞു.
കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ ചട്ടപ്രകാരം പോള്‍ ചെയ്ത വോട്ടുകള്‍ റീകൗണ്ട് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കെഎസ്യു സ്ഥാനാര്‍ഥി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. യൂണിയന് ചെയര്മാന് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥി കെ.എസ്.അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ച നടപടി കോടതി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം റീകൗണ്ടിംഗ് സുതാര്യമായി നടത്തുമെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് വി.എ.നാരായണ മേനോന് പ്രതികരിച്ചു. കോടതിവിധി അക്ഷരംപ്രതി അനുസരിക്കും.
വീഡിയോ റെക്കോര്‍ഡിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയ ശേഷം ഇരുകൂട്ടര്‍ക്കും ബോധ്യപ്പെടുന്ന രീതിയില്‍ റീകൗണ്ടിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.