എസ്എഫ്ഐക്ക് തിരിച്ചടി; കേരളവര്‍മ കോളജ് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി
Tuesday, November 28, 2023 11:30 AM IST
തൃശൂര്‍: കേരളവര്‍മ കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. യൂണിയന് ചെയര്മാന് സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്.അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ച നടപടി കോടതി റദ്ദാക്കി. കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
896 വോട്ടാണ് ആദ്യ കൗണ്ടിംഗില്‍ കെഎസ്യു സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 895 വോട്ടുകള്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിക്കും ലഭിച്ചു. ഒരു വോട്ടിന് താന്‍ ജയിച്ചിട്ടും ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു ശ്രീക്കുട്ടന്റെ പരാതി.
കോളജ് അധികൃതര്‍ രണ്ട് തവണ റീകൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചു. റീകൗണ്ടിംഗിനിടെ രണ്ട് തവണ വൈദ്യുതി മുടങ്ങി. ആദ്യം എണ്ണിയപ്പോള്‍ അസാധുവായി പ്രഖ്യാപിച്ച വോട്ടുകള്‍ കൂടി എണ്ണിയാണ് 11 വോട്ടുകള്‍ക്ക് അനിരുദ്ധനെ ജയിപ്പിച്ചതെന്നും ഹര്ജിക്കാരന് ഉന്നയിച്ചിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ചട്ടപ്രകാരം പോള്‍ ചെയ്ത വോട്ടുകള്‍ റീകൗണ്ട് ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. അസാധുവോട്ടുകള്‍ മാറ്റി വച്ച ശേഷമാണ് വോട്ടെണ്ണേണ്ടതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.