അന്വേഷണം ഊര്‍ജിതം; കാറിന്റെ വ്യാജ നമ്പറും പ്രതികൾ സ്വന്തം ഫോൺ ഉപയോഗിക്കാത്തതും വെല്ലുവിളി
Tuesday, November 28, 2023 11:23 AM IST
തിരുവനന്തപുരം: ഓയൂരില്‍ ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ട് പോയി 17 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. പ്രതികള്‍ വളരെ ആസൂത്രിതമായാണ് പദ്ധതി നടപ്പിലാക്കിയതെന്ന് പോലീസ് പറയുന്നു.
2016 മോഡല്‍ സ്വിഫ്റ്റ് കാറിലെത്തിയാണ് നാലംഗസംഘം കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഹോണ്ടാ അമേസ് കാറിലാണ് കുട്ടിയെ കൊണ്ടുപോയതെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വിവരം. എന്നാല്‍ ഇത് തെറ്റാണെന്ന് പോലീസ് കണ്ടെത്തി.
നിലവില്‍ ഈ സ്വിഫ്റ്റ് കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ കാറിന്റെ നമ്പര്‍ വ്യാജമായത് അന്വേഷണത്തിന് വെല്ലുവിളിയാണ്.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ പാരിപ്പള്ളിയിലെ കടയുടമയുടെ ഫോണില്‍ നിന്നായിരുന്നു ആദ്യം കോള്‍ എത്തിയതെന്നും പോലീസ് കണ്ടെത്തി.
പ്രതികള്‍ സ്വന്തം ഫോണ്‍ ഉപയോഗിക്കാത്തതും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.