മാനുവൽ ഡ്രില്ലിംഗ് പുരോഗമിക്കുന്നു; മുകളിൽ നിന്ന് തുരന്നത് 36 മീറ്റർ; കാലാവസ്ഥ വെല്ലുവിളിയായേക്കുമെന്ന് ആശങ്ക
Tuesday, November 28, 2023 1:20 AM IST
ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.
ഓഗർ ഡ്രില്ലിന്റെ പ്രവർത്തനം നിലച്ചതോടെ ഏഴ് മണിയോടെയാണ് മാനുവൽ ഡ്രില്ലിംഗ് ആരംഭിക്കുകയായിരുന്നു. റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തിലാണ് തിരശ്ചീനമായിട്ടുള്ള (ഹൊറിസോണ്ടൽ) തുരക്കുന്ന ജോലികൾ പുരോഗമിക്കുന്നത്.
പല രക്ഷാപ്രവർത്തന രീതികളും പരാജയമായതോടെയാണ് അധികൃതർ മാനുവൽ ഡ്രില്ലിംഗിലേക്ക് കടന്നത്. 24 റാറ്റ് മൈനേഴ്സിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ ഡ്രില്ലിംഗ് നടക്കും. മൂന്ന് ഷിഫ്റ്റുകളിലായാലും രക്ഷാപ്രവർത്തനം നടക്കുക.
അതിനിടെ വെർട്ടിക്കൽ ഡ്രില്ലിംഗ് 36 മീറ്റർ പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാന്‍ 86 മീറ്റര്‍ കൂടി തുരക്കേണ്ടതുണ്ട്.
കാലാവസ്ഥ പ്രതികൂലമാകാന് സാധ്യതയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായേക്കും. അടുത്ത രണ്ടു ദിവസം മഴയും മഞ്ഞു വീഴ്ചയും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
അവശിഷ്ടങ്ങൾക്കിടയിലൂടെ സ്ഥാപിക്കുന്ന 800 എംഎം വ്യാസമുള്ള പൈപ്പുകളിലൂടെ ഇവരെ കടത്തിവിടും. ഇവർ അതിലൂടെ അകത്തുകയറി അവശിഷ്ടങ്ങൾ നീക്കം ചെയ്ത് തൊഴിലാളികൾ കുടുങ്ങിയ സ്ഥലത്തേക്കുള്ള പാത സുഗമമാക്കും.
ഹെൽമറ്റ്, യൂണിഫോം, മുഖംമൂടി, കണ്ണട എന്നിവ ധരിച്ചാണ് റാറ്റ്-ഹോൾ ഖനിത്തൊഴിലാളികൾ പൈപ്പുകൾക്കുള്ളിൽ പോകുന്നത്. 600 എംഎം വ്യാസമുള്ള പൈപ്പുകളിലൂടെ പോലും അവശിഷ്ടങ്ങൾ വൃത്തിയാക്കിയ അനുഭവമുള്ളവരാണ് തങ്ങളെന്ന് റാറ്റ്-ഹോൾ അംഗങ്ങൾ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി വിലയിരുത്താനായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്ര സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും, ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം അന്വേഷിച്ചു.
തൊഴിലാളികളുടെ ആരോഗ്യസ്ഥിതി മണിക്കൂര്‍ ഇടവിട്ട് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റോബോട്ടിക്സ് എക്സ്പെര്‍ട്ട് മിലിന്ദ് രാജ് പറഞ്ഞു.