വീസരഹിത പ്രവേശനത്തിനൊരുങ്ങി മലേഷ്യയും
Monday, November 27, 2023 8:13 PM IST
ക്വാലാലംപുർ: വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്തയുമായി മലേഷ്യ. വീസരഹിത പ്രവേശനത്തിന് അനുമതി നല്കാൻ മലേഷ്യയും തീരുമാനിച്ചതായി പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു.
ആദ്യഘട്ടത്തിൽ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുള്ള പൗരന്മാർക്കാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരത്തിൽ എത്തുന്നവർക്ക് 30 ദിവസം വരെ രാജ്യത്ത് തുടരാനാണ് അനുമതി.
വീസ ഇളവുകളിലുടെ ടൂറിസം ബിസിനസ് മേഖലകളിൽ പുത്തൻ ഉണർവ് കണ്ടെത്താൻ സാധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേയും ചൈനയിലേയും പൗരന്മാർക്ക് നിലവിൽ രാജ്യത്ത് പ്രവേശിക്കണമെങ്കിൽ വീസ ആവശ്യമാണ്. പുതിയ തീരുമാനത്തോടെ ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് വീസയില്ലാതെ മലേഷ്യയിൽ കറങ്ങാം.
ഡിസംബർ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് മലേഷ്യ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വീസ നടപടികളിൽ ഇളവുകൾ കൊണ്ടുവരുന്നതായി ചൈനയും അറിയിച്ചിരുന്നു. ആറ് രാജ്യങ്ങളിലെ പൗരന്മാർക്കാണ് ചൈന വീസരഹിത പ്രവേശനം അനുവദിച്ചിരുക്കുന്നത്.