അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ശബരിമല സ്പെഷൽ ട്രെയിൻ
എസ്.ആർ. സുധീർകുമാർ
Monday, November 27, 2023 6:30 PM IST
കൊല്ലം: അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ശബരിമല സ്പെഷൽ സർവീസുമായി ദക്ഷിണ റെയിൽവേ. നാഗർകോവിൽ-കോട്ടയം-പനവേൽ റൂട്ടിലാണു സർവീസ്. ചൊവ്വാഴ്ച മുതൽ 2024 ജനുവരി 17 വരെ ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ട്രെയിനുകൾ ഓടുക.
ആകെ 16 സർവീസുകളാണ് ഉണ്ടാകുക. സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ ഇരട്ടിയിലധികം നൽകേണ്ടി വരും. നിലവിൽ 165 രൂപ ടിക്കറ്റ് ചാർജിന് 385 രൂപ വരെയാകുമെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്.
തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് സർവീസ്. ചൊവ്വാഴ്ച രാവിലെ 11.40ന് നാഗർകോവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ബുധൻ രാത്രി 10.20ന് പനവേൽ എത്തും. അന്ന് രാത്രി 11.50 ന് പനവേലിൽനിന്ന് തിരിക്കുന്ന ട്രെയിൻ വെള്ളിയാഴ്ച രാവിലെ പത്തിന് നാഗർകോവിലിൽ എത്തും.
തിരുവനന്തപുരം, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കോഴിക്കോട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. 11 സ്ലീപ്പർ, ആറ് എസി, രണ്ട് ജനറൽ എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു.