കണ്ണൂരിൽ ലീഗ് നേതാവിന്റെ വീടാക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
Monday, November 27, 2023 1:54 PM IST
കണ്ണൂർ: മാടായി പഞ്ചായത്ത് മുൻ അംഗവും മുസ്ലിം ലീഗ് നേതാവുമായ പി.എം. ഹനീഫയുടെ വീടിന് നേരേ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
എരിപുരം സ്വദേശിയും ഹനീഫയുടെ സഹോദരിപുത്രനുമായ പി.എം. ഷഹീൻ (36), സുഹൃത്തായ നെരുവമ്പ്രം സ്വദേശി മുഹമ്മദ് ജിഷാൻ (32) എന്നിവരെയാണ് പഴയങ്ങാടി എസ്ഐ രൂപ മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് പഴയങ്ങാടി പഴയ ബസ്സ്റ്റാൻഡിന് സമീപമുള്ള ഹനീഫയുടെ വീട്ടിൽ എത്തി ഇവർ ആക്രമണം നടത്തിയത്. വീടിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും പൂച്ചെട്ടികളും മറ്റും തകർത്തശേഷം പുറത്തെ സോഫാ സെറ്റുകകൾ നശിപ്പിക്കുകയും വാതിൽ ചവിട്ടിതുറക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.
പുലർച്ചയോടെ വീട്ടിലിലെത്തിയ സംഘം കോളിംഗ് ബെൽ അടിച്ചതിനുശേഷം വാതിൽ തുറക്കാത്തതിനെ തുടർന്നാണ് അക്രമം അഴിച്ചുവിട്ടത്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.