യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: ഷാഫി പറമ്പിലിനോട് വിശദീകരണം തേടി കോടതി
Monday, November 27, 2023 12:58 PM IST
മൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഷാഫി പറമ്പിലിനോട് വിശദീകരണം തേടി മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി. ചൊവ്വാഴ്ച ഹർജി പരിഗണിക്കുമ്പോൾ വിശദീകരണം നല്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശിയായ പി.എസ്. സനൽ ആണ് കോടതിയെ സമീപിച്ചത്. ഈ പരാതിയിൽ വാദം കേൾക്കുന്നതിനായി ഡിസംബർ രണ്ടിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, ഡിസംബർ ഒന്നിന് സ്ഥാനാരോഹണം നടക്കുന്നുവെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചതോടെയാണ് അതിനു മുമ്പ് തന്നെ കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. നേരിട്ടോ അഭിഭാഷകൻ മുഖേനയോ വിശദീകരണം നല്കണമെന്നാണ് കോടതി അറിയിച്ചത്.