ജപ്തി നോട്ടീസ് ലഭിച്ചു; കണ്ണൂരില്‍ ക്ഷീരകര്ഷകന് ജീവനൊടുക്കി
Monday, November 27, 2023 9:44 AM IST
പേരാവൂർ: വായ്പാക്കെണിയിൽ സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പേരാവൂർ കൊളക്കാട് ബാങ്കിൽനിന്നു ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ജീവനൊടുക്കി. കൊളക്കാട് രാജമുടിയിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) മരിച്ചത്.
പുലർച്ചെ ഭാര്യ പള്ളിയിൽപ്പോയി തിരിച്ചുവന്നപ്പോൾ ആൽബർട്ടിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേരള ബാങ്ക് പേരാവൂർ ശാഖയിൽനിന്ന് ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടയ്ക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയിൽ നിന്ന് പണം തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു പറയുന്നു. ഇതേതുടർന്നുണ്ടായ മാനസിക സംഘർഷമാണ് മരണത്തിന് കാരണമായി കണക്കാക്കുന്നത്.
സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവ മേഖലകളിലെയും നിറസാന്നിധ്യവുമായിരുന്നു എം.ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്. കർഷകനും ക്ഷീരകർഷകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീരസഹകരണസംഘം പ്രസിഡന്റായിരുന്നു. ഭാര്യ: വത്സ. മക്കൾ: ആശ, അമ്പിളി, സിസ്റ്റർ അനിത. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.