തുരങ്ക രക്ഷാദൗത്യത്തിൽ പുരോഗതി
Sunday, November 26, 2023 9:53 PM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാ ദൗത്യത്തിൽ പുരോഗതി ഉള്ളതായി ദൗത്യസംഘം അറിയിച്ചു.
ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസപ്പെട്ടതിനു പിന്നാലെ യന്ത്രസഹായത്തോടെയല്ലാതെ കുഴിക്കുന്നതിനായുള്ള നടപടികൾ ദൗത്യസംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇന്ത്യൻ സൈന്യവും ട്രെഞ്ച്ലെസ്സ് കന്പനിയുടെ സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസപ്പെടും മുൻപ് 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. പിന്നാലെ ഇരുന്പുപാളികളിൽ തട്ടി പ്രവർത്തനം തടസപ്പെടുകയായിരുന്നു. തടസങ്ങൾ നീക്കിയാലുടൻ ഡ്രില്ലിംഗ് തുടരും.