ചൈനയിലെ അജ്ഞാത വൈറസ്; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
Sunday, November 26, 2023 3:57 PM IST
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതുജനാരോഗ്യവും ആശുപത്രിയിലെ തയാറെടുപ്പ് നടപടികളും ഉടനടി അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്കി.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ എന്ന് നിരീക്ഷിക്കണം .ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങൾ ജില്ലാ, സംസ്ഥാന അധികാരികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കണം.
ആവശ്യമായ പ്രതിരോധ നടപടികള്‍ സംസ്ഥാനങ്ങള്‍ സജ്ജമാക്കണം. ആശുപത്രി കിടക്കകള്‍, മരുന്നുകള്‍, വാക്സിനുകള്‍, ഓക്സിജന്‍, ആന്റിബയോട്ടിക്കുകള്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ തുടങ്ങിയവ പര്യാപത്മാണോ എന്ന് പരിശോധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവരെ കൊവിഡ്19ന്റെ പശ്ചാത്തലത്തില്‍ പരിഷ്കരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വേണ്ട മുന്‍കരുതലുകളോടെ കൈകാര്യം ചെയ്യണമെന്നും നിര്‍ദേശമുണ്ട്.