ചക്രവാതച്ചുഴി ന്യൂനമർദമാകും; അഞ്ചുദിവസം ഇടിയോടുകൂടി മഴയും കാറ്റും
Sunday, November 26, 2023 3:38 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ തായ്ലൻഡിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തിങ്കളാഴ്ചയോടെ ഇത് തെക്കൻ ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്ന് പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബുധനാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്ന വടക്കൻ ആൻഡമാൻ കടലിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.