ഏറ്റവും ഹീനമായ ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി; നന്ദിയുള്ള ഒരു രാജ്യം വേദനയോടെ ഓർക്കുന്നുവെന്ന് രാഷ്ട്രപതി
Sunday, November 26, 2023 3:20 PM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികത്തിൽ, ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും.
രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നതെന്നും ഇത് ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തെ എല്ലാ ശക്തിയുമെടുത്ത് ഇല്ലാതാക്കാൻ രാജ്യം ശ്രമിക്കുകയാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തിക്കപ്പുറത്ത് നിന്ന് ഭീകരർ നടത്തിയ ഏകോപിത ആക്രമണത്തിന്റെ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് കരകയറാൻ സഹായിച്ചത് രാജ്യത്തിന്റെ അജയ്യമായ പ്രതിരോധവും കഴിവുമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
"നവംബർ 26 എന്ന തീയതിയും അന്നത്തെ ആക്രമണങ്ങൾ നമുക്കുണ്ടാക്കിയ ആഴത്തിലുള്ള മുറിവുകളും നമുക്ക് ഒരിക്കലും മറക്കാനാവില്ല. 15 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം, രാജ്യം അതിന്റെ ഏറ്റവും നികൃഷ്ടമായ ഭീകരാക്രമണം നേരിട്ടു. ഭീകരർ മുംബൈയെ മാത്രമല്ല, രാജ്യത്തെയാകെ കുലുക്കി. അത് ലോകമെമ്പാടും അനുഭവപ്പെട്ടു. എന്നിരുന്നാലും, 26/11 ആക്രമണത്തിൽ നിന്ന് കരകയറാനും തീവ്രവാദത്തെ സർവശക്തിയുമുപയോഗിച്ച് തകർക്കാനും നമ്മെ സഹായിച്ചത് നമ്മുടെ അന്തർലീനമായ കഴിവാണ്..'- പ്രധാനമന്ത്രി മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന് ഇരയായ എല്ലാവരെയും നന്ദിയുള്ള ഒരു രാജ്യം വേദനയോടെ ഓർക്കുന്നുവെന്നും ധീരാത്മാക്കളുടെ സ്മരണയ്ക്കായി രാജ്യം അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പം നിൽക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു.
മാതൃരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ പരമോന്നത ത്യാഗത്തെ അനുസ്മരിച്ചുകൊണ്ട്, എല്ലായിടത്തും ഭീകരതയ്ക്കെതിരെ പോരാടാനുള്ള പ്രതിജ്ഞ നമുക്ക് പുതുക്കാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.