രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം വളരെ മോശമായി തുടരുന്നു
Sunday, November 26, 2023 12:18 PM IST
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും ഡൽഹിയിലെ വായു ഗുണനിലവാരം ഞായറാഴ്ചയും 'വളരെ മോശമായി' തുടരുന്നുവെന്ന് നിരീക്ഷണ ഏജൻസികൾ.
തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ ഒമ്പതിന് 385 ആയിരുന്നു. എല്ലാ ദിവസവും വൈകുന്നേരം നാലിന് രേഖപ്പെടുത്തുന്ന 24 മണിക്കൂർ ശരാശരി എക്യുഐ ശനിയാഴ്ച 389, വെള്ളിയാഴ്ച 415, വ്യാഴാഴ്ച 390, ബുധനാഴ്ച 394, ചൊവ്വാഴ്ച 365, തിങ്കളാഴ്ച 348, ഞായറാഴ്ച 301 എന്നിങ്ങനെയാണ്.
ദേശീയ തലസ്ഥാനത്ത് ഈ നവംബറിൽ ഇതുവരെ 10 ഗുരുതര വായു നിലവാര ദിനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ നഗരത്തിൽ ഇത്തരത്തിൽ മൂന്ന് ഗുരുതര വായു ഗുണനിലവാര ദിനങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതേസമയം 2021 ൽ അത്തരം 12 ദിവസങ്ങളുണ്ടായിരുന്നു. 2020 നവംബറിൽ ഒമ്പത് ദിവസങ്ങൾ, 2019ൽ ഏഴ്, 2018ൽ അഞ്ച്, 2017ൽ ഏഴ് എന്നിങ്ങനെയാണ് കണക്കുകൾ.