13 ഇസ്രേലികളെയും നാല് വിദേശികളെയും കൂടി മോചിപ്പിച്ച് ഹമാസ്
Sunday, November 26, 2023 7:11 AM IST
ടെല്‍ അവീവ്: ഹ്രസ്വകാല വെടിനിർത്തലും സമാധാന സന്ധിയും നിലവിൽ വന്നതിനു ശേഷം രണ്ടാംഘട്ട ബന്ദിമോചനം നടത്തി ഹമാസ്.
ബന്ദികളുടെ മോചനം അപ്രതീക്ഷിതമായി മണിക്കൂറുകള്‍ നീണ്ടതോടെ താല്‍ക്കാലിക ആശങ്ക ഉടലെടുത്തെങ്കിലും കാര്യങ്ങള്‍ ശുഭകരമായി നടക്കുകയായിരുന്നു.
13 ഇസ്രേലികളും നാല് തായ്ലന്‍ഡുകാരും മോചിതരായി ഇസ്രയേലില്‍ എത്തിയതായി ഇസ്രേലി വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയതിനു ശേഷം ഇസ്രേലി സൈന്യവും ഷിന് ബെത് സെക്യൂരിറ്റി സര്‍വീസും ചേര്‍ന്ന് ഇക്കാര്യം പ്രഖ്യാപിക്കുകയായിരുന്നു.
13 ഇസ്രേലികളെയും ഏഴ് വിദേശികളെയും മോചിപ്പിക്കുമെന്നാണ് ഹമാസ് മുമ്പ് സന്നദ്ധ സംഘടനയായ റെഡ്ക്രോസിനെ അറിയിച്ചിരുന്നത്. എന്നാല്‍ വിദേശികളുടെ എണ്ണം കുറയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.
കൈമാറ്റ ഉടമ്പടിയിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിച്ചുവെന്നാരോപിച്ച് ഹമാസ് ബന്ദികളുടെ മോചനം മണിക്കൂറുകള്‍ വൈകിക്കുകയായിരുന്നു. എന്നാല്‍ ഈ ആരോപണം ഇസ്രയേല്‍ അധികൃതര്‍ നിഷേധിച്ചു.
ഈ അപ്രതീക്ഷിത വൈകല്‍, ബന്ദികളുടെ മോചനത്തിന് ഇടനിലക്കാരായി നിന്ന ഖത്തറിനും ഈജിപ്റ്റിനും വലിയ തലവേദനയാണുണ്ടാക്കിയത്.
പലസ്തീനിയന്‍ തടവുകാരുടെ മോചനത്തില്‍ ഇസ്രയേല്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുന്നുവെന്നും സുരക്ഷിതമായി അവര്‍ക്ക് ഗാസയിലെത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നില്ലെന്നുമായിരുന്നു ഹമാസിന്റെ പ്രധാന ആരോപണം.
രണ്ടാം ഘട്ടത്തില്‍ മോചിതരായ 13 ഇസ്രേലി ബന്ദികളില്‍ ഏട്ടുപേര് കുട്ടികളും ബാക്കിയുള്ള അഞ്ചുപേര്‍ സ്ത്രീകളുമാണെന്ന് ഖത്തർ അറിയിച്ചു. പകരമായി ഇസ്രയേല്‍ മോചിപ്പിച്ച 39 പലസ്തീന് തടവുകാരില്‍ 33 പേര് കുട്ടികളാണെന്നും ബാക്കിയുള്ള ആറു പേര് സ്ത്രീകളാണെന്നും അറിയിച്ചിട്ടുണ്ട്.