തിരുവനന്തപുരം: അതിശക്തമായി തുടര്‍ന്ന മഴയ്ക്ക് ശമനം വന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നവംബര്‍ 22നാണ് തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടത്.

അന്ന് അടച്ചിട്ട പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എന്നിരുന്നാലും സഞ്ചാരികൾക്ക് ഇവിടത്തെ ജലാശയങ്ങളില്‍ ഇറങ്ങുന്നതിന് കര്‍ശന വിലക്കുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.