പ്രധാനമന്ത്രിയുടെ യാത്രയിലെ സുരക്ഷാവീഴ്ച; എസ്പിക്ക് സസ്പെൻഷൻ
Saturday, November 25, 2023 7:00 PM IST
ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രയിൽ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ നടപടി. ബത്തിൻഡ എസ്പിയെ സസ്പെൻഡ് ചെയ്തു.
ഗുർവീന്ദർ സിംഗ് സാംഗയെയാണ് പഞ്ചാബ് ഡിജിപി സസ്പെൻഡ് ചെയ്തത്. 2022 ജനുവരി അഞ്ചിന് ആയിരുന്നു സംഭവം. അന്ന് ഫിറോസ്പൂർ എസ്പിയായിരുന്നു ഗുർവീന്ദർ സിംഗ്.
ഫിറോസ്പൂരിൽ പ്രതിഷേധക്കാരുടെ ഉപരോധം കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങിയിരുന്നു. ഇതേതുടർന്ന് പരിപാടികളിൽ പങ്കെടുക്കാതെ അദ്ദേഹം പഞ്ചാബിൽ നിന്ന് മടങ്ങിയിരുന്നു.
സംഭവം ഗുരുതര വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. തുടർന്ന് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തി, വേണ്ടത്ര ഉദ്യോഗസ്ഥർ ഉണ്ടായിട്ടും സുരക്ഷ നൽകിയില്ല, പ്രധാനമന്ത്രി വരുന്ന വഴി സംബന്ധിച്ച് രണ്ട് മണിക്കൂർ മുന്നേ തന്നെ വിവരമുണ്ടായിട്ടും പ്രതിഷേധക്കാരെ മാറ്റിയില്ല തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.