യുപിയിൽ കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച് വിദ്യാർഥി; പോലീസിനു നേരെ വെടിയുതിർത്തു
Saturday, November 25, 2023 6:12 PM IST
ലക്നോ: ഉത്തർപ്രദേശിൽ ബസ് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച് എൻജിനിയറിംഗ് വിദ്യാർഥി. പ്രയാഗ്രാജിലാണ് സംഭവം. പിടികൂടാനെത്തിയ പോലീസിനു നേരെ ഇയാൾ വെടിയുതിർക്കുകയും ചെയ്തു.
ബസ് ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിന് ഉള്‍പ്പെടെ വെട്ടേറ്റ കണ്ടക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ പ്രതിയായ ഇരുപതുകാരനെ ഏറ്റുമുട്ടലിനൊടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
20കാരനായ ലാറെബ് ഹാഷ്മിയാണ് ബസ് കണ്ടക്ടറെ ആക്രമിച്ചത്. തര്‍ക്കത്തിന് പിന്നാലെ ബാഗില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
ഇറച്ചിവെട്ടുന്ന കത്തി കൊണ്ടാണ് പ്രതി കണ്ടക്ടറെ ആക്രമിച്ചതെന്നായിരുന്ന ദൃക്സാക്ഷികളുടെ മൊഴി. ബഹളംകേട്ട് ഡ്രൈവര്‍ ബസ് നിര്‍ത്തിയതോടെ പ്രതി ബസില്‍നിന്ന് ഇറങ്ങിയോടി.
സംഭവത്തിന് പിന്നാലെ കോളജില്‍ കയറിയ പ്രതി കാമ്പസിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കാമ്പസിനുള്ളില്‍നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാള്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു.
കണ്ടക്ടറെ ആക്രമിച്ച കത്തി കണ്ടെടുക്കാനായി കൊണ്ടുപോയപ്പോഴാണ് പ്രതി പോലീസിന് നേരേ വെടിയുതിര്‍ത്തത്. ബാഗില്‍ ഒളിപ്പിച്ചിരുന്ന തോക്ക് പുറത്തെടുത്ത വിദ്യാര്‍ഥി, പോലീസുകാര്‍ക്ക് നേരേ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പോലീസും തിരിച്ചടിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവാവിന്റെ കാലിലാണ് വെടിയേറ്റ് പരിക്കേറ്റതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.