രാജസ്ഥാന് തെരഞ്ഞെടുപ്പ്: ഉച്ചവരെ 40.27 ശതമാനം പോളിംഗ്
Saturday, November 25, 2023 3:15 PM IST
ജയ്പുര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് ഒന്നുവരെ 40.27 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മന്ദഗതിയിലാണ് പോളിംഗ് ആരംഭിച്ചത്. 11 വരെ 24.74 ആയിരുന്നു പോളിംഗ് ശതമാനം.
11വരെ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 38.56 ശതമാനം കമാന് നിയമസഭാ മണ്ഡലത്തിലും 34.08 ശതമാനം തിജാരയിലുമാണ്. പാലി ജില്ലയില്‍ പോളിംഗ് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സുമര്‍പൂര്‍ അസംബ്ലി മണ്ഡലത്തിലെ 47-ാം നമ്പര്‍ ബൂത്തിലെ പോളിംഗ് ഏജന്റായ ശാന്തി ലാല്‍ ആണ് മരിച്ചത്.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആകെ 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാന് ഹോം ഗാര്‍ഡിനെയും ഫോറസ്റ്റ് ഗാര്‍ഡിനെയും ആര്‍എസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.
199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക.183 വനിതകള്‍ ഉള്‍പ്പെടെ 1,875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ഒരുമാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ബിജെപിക്കും കോണ്‍ഗ്രസിനും ഒരുപോലെ നിർണായകമാണ് രാജസ്ഥാനിലെ ജനവിധി.