അന്ന് കരഞ്ഞത് പക്വതക്കുറവ് മൂലം; ജയിച്ച കുട്ടി ഒന്നും ചെയ്തില്ലെന്ന് വിളിച്ച് പറയരുതായിരുന്നു: നവ്യ നായർ
Saturday, November 25, 2023 11:27 AM IST
ആലുവ: 2001ലെ തൊടുപുഴ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ താൻ കരഞ്ഞ സന്ദർഭത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നവ്യ നായർ.
അന്നത്തെ തന്റെ പക്വതക്കുറവായിരുന്നു എല്ലാത്തിനും കാരണമെന്നും ജയിച്ച കുട്ടി ഒന്നും ചെയ്തില്ലെന്ന് താൻ വിളിച്ചു പറഞ്ഞത് ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നുവെന്നും നവ്യ പറഞ്ഞു.
കാലടിയിൽ സിബിഎസ്ഇ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് 2001ലെ സ്കൂൾ കലോത്സവത്തെക്കുറിച്ച് നടി പ്രതികരിച്ചത്.
‘‘അതൊരു പതിനഞ്ചുകാരിയുടെ പക്വതക്കുറവായിരുന്നു. എന്റെ കണ്ണു നിറയാൻ പാടില്ലായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. കണ്ണുനിറഞ്ഞെന്നു മാത്രമല്ല, തോറ്റ വിഷമത്തിൽ മത്സരത്തിൽ ജയിച്ച കുട്ടി ഒന്നും ചെയ്തില്ല എന്നു ഞാൻ വിളിച്ചു പറയുകയും ചെയ്തു. സത്യത്തിൽ ആ കുട്ടിയുടെ പ്രകടനം പോലും കാണാതെയാണ് ഞാൻ അന്ന് അങ്ങനെ പെരുമാറിയത്.
പങ്കെടുത്ത മത്സരങ്ങളിലെല്ലാം സമ്മാനം വാങ്ങി തിളങ്ങി നിൽക്കുന്നതിനിടെ മോണോ ആക്ടിൽ ബി ഗ്രേഡ് മാത്രം കിട്ടിയതാണു കലാതിലകപ്പട്ടം കൈവിട്ടതിനെക്കാൾ അന്നു സങ്കടപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു.
എന്നാൽ, അന്നു ജയിച്ച അമ്പിളി പിന്നീട് അടുത്ത സുഹൃത്തായെന്നും തന്റെ വിവാഹത്തിന് അമ്പിളിയുടെ അമ്മ തനിക്കായി ക്ഷേത്രത്തിൽ വഴിപാടു നടത്തിയെന്നും നവ്യ പറഞ്ഞു.
അന്നത്തെ കരച്ചിൽ പക്ഷേ, ജീവിതത്തിൽ വഴിത്തിരിവായി. കരയുന്ന ചിത്രം പത്രത്തിൽ കണ്ടു കണിയാർകോടു നിന്നു ശിവശങ്കരൻ എന്നു പരിചയപ്പെടുത്തിയ വ്യക്തി പോസ്റ്റ്കാർഡിൽ കത്തയച്ചു.
തോൽവിയിൽ തളരരുതെന്നും ആ ചിത്രത്തിൽ തനിക്കു മഞ്ജു വാര്യറെ പോലെ കലോത്സവ വേദിയിൽ നിന്നു സിനിമയിലേക്കു വളർന്ന നടിയെയാണു കാണാൻ കഴിഞ്ഞതെന്നും കുറിച്ചിരുന്നതായി നവ്യ പറഞ്ഞു.
ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മാർക്കിനെയോ വിജയത്തെയോ ആശ്രയിച്ചല്ല കലയെ പ്രണയിക്കുന്നവരുടെ ജീവിതം നിർണയിക്കപ്പെടുന്നത്. കലോത്സവത്തിൽ ഗ്രൂപ്പിനത്തിൽ തന്റെ മകൻ മത്സരിക്കുന്നുണ്ടെന്നും അതേ കലോത്സവം ഉദ്ഘാടനം ചെയ്യാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും നവ്യ പറഞ്ഞു.
2001ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകപട്ടം നടി അന്പിളിദേവിയ്ക്കായിരുന്നു ലഭിച്ചത്. ഇത് കൈവിട്ടുപോയതിലെ സങ്കടം നവ്യ തുറന്നു പറയുന്ന വീഡിയോ പല കാലങ്ങളായി സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.