സില്‍ക്യാര രക്ഷാദൗത്യത്തില്‍ വന്‍ വെല്ലുവിളി; വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ആരംഭിച്ചേക്കും
Saturday, November 25, 2023 9:43 AM IST
ഡെറാഡൂണ്‍: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്താനുള്ള ദൗത്യം അനിശ്ചിതത്വത്തില്‍. വെള്ളിയാഴ്ച വൈകിട്ടാണ് ഓഗര്‍ മെഷീന്റെ ബ്ലേഡ് ടണല്‍ പൈപ്പില്‍ കുടുങ്ങിയത്.
ഇതുവരെയും ബ്ലേഡ് പുറത്തെടുക്കാനായില്ല. ഇത് മുറിച്ച് നീക്കാനുള്ള നടപടികള്‍ തുടരുകയാണ്. തൊഴിലാളികളിലേക്ക് എത്താന്‍ ആറ് മീറ്റര്‍ മാത്രം അവശേഷിക്കവേ ആണ് ദൗത്യത്തില്‍ വന്‍ വെല്ലുവിളി ഉണ്ടായത്.
ഇതോടെ യന്ത്രം ഒഴിവാക്കി തൊഴിലാളികള്‍ നേരിട്ട് തുരക്കുന്ന കാര്യം പരിഗണിക്കുകയാണ്. ഇതിന് ഏറേ സമയമെടുക്കും.
തുരങ്കത്തിന്റെ മുകളിലുള്ള വനമേഖലയില്‍നിന്ന് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് തുടങ്ങാനും ദൗത്യസംഘം ആലോചിക്കുന്നുണ്ട്. ടണല്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യത ഉള്ളതിനാലാണ് നേരത്തേ ഇതിലേക്ക് സംഘം കടക്കാതിരുന്നത്.
തുരങ്കത്തിനുള്ളിലൂടെയുള്ള ദൗത്യം പ്രതിസന്ധിയിലായതിനാല്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് നടത്തിയേക്കും. ഇതിന് ഏറെ സമയമെടുക്കുമെന്നതാണ് മറ്റൊരു വെല്ലുവിളി.
അതുകൊണ്ട് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് ആരംഭിച്ചാലും ഇതേസമയം തുരങ്കത്തിലൂടെയുള്ള രക്ഷാദൗത്യവും പുരോഗമിക്കും.