ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍; രാജസ്ഥാനില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
Saturday, November 25, 2023 8:44 AM IST
ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മരിച്ചതിനാല്‍ കരണ്‍പൂര്‍ മണ്ഡലത്തില്‍ പോളിംഗ് പിന്നീടാകും നടക്കുക.
രാവിലെ ഏഴുമുതല്‍ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. അഞ്ച് കോടിയലധികം വോട്ടര്‍മാര്‍ക്കായി ആകെ 51,756 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാണ്. 183 വനിതകള്‍ ഉള്‍പ്പെടെ 1,875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി 1,02,290 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആകെ 69,114 പോലീസ് ഉദ്യോഗസ്ഥരെയും 32,876 രാജസ്ഥാന് ഹോം ഗാര്‍ഡിനെയും ഫോറസ്റ്റ് ഗാര്‍ഡിനെയും ആര്‍എസി ഉദ്യോഗസ്ഥരെയുമാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ 700 കമ്പനി സിഎപിഎഫിനെയും വിന്യസിച്ചിട്ടുണ്ട്.
ഒരുമാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് സംസ്ഥാനം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ഇത്തവണ രാജസ്ഥാനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
മോദി പ്രഭാവത്തില്‍ ഭരണമാറ്റത്തിനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ ഭരണ വിരുദ്ധ വികാരമില്ലെന്നാണ് കോണ്‍ഗ്രസ് വാദം. പക്ഷേ അശോക് ഗെഹ്ലോട്ടിന്റെയും സച്ചിന് പൈലറ്റിന്റെയും തമ്മിലടി ഗുജ്ജര്‍ വോട്ടിലടക്കം തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
സിക്കര്‍ മേഖലയില്‍ ശക്തമായ സംഘടനാ സ്വാധീനമുള്ള സിപിഎം ഇത്തവണ നിലമെച്ചപ്പെടുത്തുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. 17 സീറ്റുകളിലേക്കാണ് പാര്‍ട്ടി മത്സരിക്കുന്നത്.
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ ദുന്ഗര്ഗിലും ഭദ്രയിലും അവര്‍ വിജയപ്രതീക്ഷയിലാണ്. 2018ല്‍ രണ്ടാം സ്ഥാനത്ത് വന്ന റൈസിംഗ്നഗര്, ദോദ് മണ്ഡലങ്ങളിലും സിപിഎമ്മിന് വിജയപ്രതീക്ഷയുണ്ട്. സംസ്ഥാന സെക്രട്ടറി ആമ്രാ റാം മത്സരിക്കുന്ന ദന്താ രാംഗര്‍, സികര്‍ മണ്ഡലങ്ങളിലും സിപിഎമ്മിന് പ്രതീക്ഷയുണ്ട്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും രാജസ്ഥാന് നിയമസഭയില്‍ ബിഎസ്പിയും ഇടം പിടിച്ചിരുന്നു.