ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ സംബന്ധിച്ച ക്ലെയിമുകളില്‍ 75 ശതമാനവും കമ്പനികള്‍ മുഴുവനായോ ഭാഗികമായ തള്ളുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് പ്ലാറ്റ്‌ഫോമായ പോളിസി ബസാറാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പോളിസിയെ സംബന്ധിച്ച് കൃത്യമായി ഉപഭോക്താക്കള്‍ മനസിലാക്കാത്തതാണ് ഇതിന് കാരണമാകുന്നതെന്നും പോളിസി ബസാറിന്‍റെ സൈറ്റിൽ വ്യക്തമാക്കുന്നു. വിവിധ രോഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളില്‍ പ്രത്യേക വെയിറ്റിംഗ് പീരിയഡുണ്ട് (കൃത്യമായി നിശ്ചയിച്ച കാലയളവ്).

ഈ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ സമര്‍പ്പിക്കപ്പെടുന്ന ഒട്ടേറെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തള്ളിപ്പോകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ഏതൊക്കെ രോഗങ്ങള്‍ക്കാണ് പരിരക്ഷ ലഭിക്കുക എന്നത് സംബന്ധിച്ച് കൃത്യമായി ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.

ഒ.പി.ഡി ക്ലെയിമുകളും അതുപോലെ ചില പ്രത്യേക "ഡേ കെയര്‍' ക്ലെയിമുകളുമാണ് നിരസിക്കപ്പെടുന്നവയില്‍ ഒന്‍പത് ശതമാനവും. തെറ്റായ രീതിയില്‍ സമര്‍പ്പിക്കപ്പെടുന്ന 4.5 ശതമാനം ക്ലെയിമുകളും തള്ളപ്പെടുന്നുണ്ട്.

ഇന്‍ഷുറന്‍സ് പരിധിക്ക് അപ്പുറമുള്ള തുക ചിലവായത് കൊണ്ട് തള്ളപ്പെടുന്ന ക്ലെയിമുകളുടെ കണക്ക് 2.12 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമിത രക്തസമ്മര്‍ദ്ദവും പ്രമേഹവുമടക്കമുള്ള രോഗങ്ങളുടെ വിവരങ്ങളും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതാത് കമ്പനികള്‍ക്ക് രേഖാമൂലം നല്‍കുന്നതാണ് സുരക്ഷിതം.

ഓരോ പോളിസിയിലും ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍ കൃത്യമായി സമര്‍പ്പിക്കുകയും പരിരക്ഷ സംബന്ധിച്ച നിബന്ധനകള്‍ ശരിയായി മനസിലാക്കുകയും ചെയ്താല്‍ ക്ലെയിമുകള്‍ തള്ളിപ്പോകാനുള്ള സാധ്യത കുറവാണെന്ന് ഇൻഷുറൻസ് മേഖലയിലെ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.