തെലുങ്കാനയിൽ ബിആർഎസ് എംഎൽഎ കോൺഗ്രസിൽ ചേർന്നു
Saturday, November 25, 2023 12:46 AM IST
ഹൈദരാബാദ്: തെലുങ്കാനയില്‍ ബിആർഎസിന് വൻ തിരിച്ചടി സമ്മാനിച്ച് സിറ്റിംഗ് എംഎൽഎ വി.എം എബ്രഹാം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
തെലുങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു എബ്രഹാം കോൺഗ്രസിൽ ചേർന്നത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് രാജി.
ആലംപുർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എബ്രഹാമിന് ബിആർഎസ് ടിക്കറ്റ് നിഷേധിച്ചിരുന്നു. ആദ്യപട്ടികയിൽ അദ്ദേഹത്തെ പാർട്ടി പരിഗണിച്ചിരുന്നെങ്കിലും ബിആർഎസ് എംഎൽസി വെങ്കിട്ടരാമി റെഡ്ഡിയുടെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തെ പട്ടികയിൽ നിന്നും പുറത്താക്കുകയായിരുന്നു.
തന്റെ പേര് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ എബ്രഹാം മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ സ്ഥാനാർഥിത്വം നഷ്ടമായത് അദ്ദേഹത്തിനു വലിയ തിരിച്ചടിയായി.
2018ൽ ആലംപൂരിൽ നിന്നും 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എബ്രഹാം വിജയിച്ചത്.