നവകേരളസദസിൽ കോൺഗ്രസ് പ്രാദേശികനേതാക്കൾ സജീവം: പ്രതിപക്ഷനേതാവ് വിറളിപിടിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
Friday, November 24, 2023 12:04 PM IST
വടകര: സർക്കാരിന്റെ നവകേരള സദസ് ബഹിഷ്കരിച്ചത് കോൺഗ്രസ് നേതൃത്വമാണെന്നും പ്രാദേശികനേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് നേതൃത്വം എടുത്ത ബഹിഷ്കരണ തീരുമാനം പാർട്ടിയുടെ പ്രാദേശിക ജനപ്രതിനിധികൾ അംഗീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പൊതുസമൂഹത്തിന് യോജിപ്പില്ലാത്ത തീരുമാനമെടുക്കുന്ന ഏതുകൂട്ടർക്കും ഇതാണ് സംഭവിക്കുന്നത്. ഇതിൽ പ്രതിപക്ഷ നേതാവ് ക്ഷോഭിച്ചിട്ടോ വിറളിപിടിച്ചിട്ടോ കാര്യമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. വടകരയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
സ്വന്തം പാർട്ടിക്കാരെ പോലും ബോധ്യപ്പെടുത്താൻ കഴിയാത്ത തീരുമാനമാണെടുത്തത്. അതുകൊണ്ടാണ് പറവൂർ മാത്രമല്ല മറ്റു പലയിടത്തും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നത്. പ്രാദേശികമായി നവകേരള സദസിന്റെ സംഘാടക സമിതികളിൽ സജീവമായി ഭാഗഭാക്കാകുന്ന യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാരുണ്ട്. ജനപ്രതിനിധികൾ പലരും ഇതിന്റെ ഭാഗമായി മാറുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ മൂക്കുകയറിട്ടു നിർത്താനുള്ള ശ്രമമാണ് പറവൂർ മുനിസിപ്പിലിറ്റിക്കെതിരേ പ്രതിപക്ഷ നേതാവിന്റെയടക്കം നീക്കമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭ ഏകകണ്ഠമായി എടുത്തതാണ് നവകേരള സദസിന് ഒരുലക്ഷം രൂപ നല്കാനുള്ള തീരുമാനം. അങ്ങനെ പണംനല്കിയാൽ സ്ഥാനം തെറിപ്പിക്കുമെന്ന ഭീഷണി ഉയർത്തുന്നത് ഒരുതരത്തിലും നാടിന് അംഗീകരിക്കാനാവില്ല. പറവൂരിൽ നിന്നുള്ള എംഎൽഎ കൂടിയായ പ്രതിപക്ഷനേതാവിന്റെ അപക്വമായ നടപടി സാധാരണരീതിയിൽ ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.