വിലക്കയറ്റം: ചികിത്സാ ചെലവ് പിടിവിടുന്നു; ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് പഠനം
വെബ് ഡെസ്ക്
Friday, November 24, 2023 1:48 AM IST
ന്യൂഡല്‍ഹി: ഏഷ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം വിലക്കയറ്റമുണ്ടായിരിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. ഇന്‍ഷുര്‍ടെക്ക് കമ്പനിയായ പ്ലം നടത്തിയ പഠനത്തിലാണ് രാജ്യത്തെ ആരോഗ്യമേഖലയിലെ വിലക്കയറ്റ തോത് 14 ശതമാനമായി ഉയര്‍ന്നിരിക്കുകയാണെന്ന് കണ്ടെത്തിയത്.
ആരോഗ്യ സംരക്ഷണത്തിനായുള്ള ചെലവുകളിലെ വര്‍ധന സാധാരണക്കാര്‍ക്ക് വലിയ പ്രഹരമായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇത് ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവെക്കുകയാണെന്നും പഠനത്തിലുണ്ട്.
ഇന്ത്യയിലെ 71 ശതമാനം ആളുകളും അവരുടെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ സ്വയം വഹിക്കുന്നവരാണ്. രാജ്യത്ത് ജോലിചെയ്യുന്നവരില്‍ 15 ശതമാനം പേര്‍ക്ക് മാത്രമാണ് തൊഴിലുടമകളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നത്.
കാന്‍സര്‍ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്കായി പുത്തന്‍ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിനും ധാരാളം പണം നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇത് ചികിത്സാ ചെലവിന്‍റെ വര്‍ധനയിലും പ്രതിഫലിക്കുന്നുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
അവയവമാറ്റം ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളുടെ വികസനം എന്നത് ഏറെ ചെലവുള്ള ഒന്നാണ്. ഇവയ്ക്ക് പുറമേയാണ് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്‍റെ ചെലവ്.
രാജ്യത്തെ തൊഴിലാളികളില്‍ 59 ശതമാനവും വാര്‍ഷികാടിസ്ഥാനത്തിലുള്ള ചെക്കപ്പുകള്‍ ഒഴിവാക്കുന്നുവെന്നും തുടര്‍ പരിശോധന വേണ്ടവരില്‍ 90 ശതമാനം ആളുകളും അത് കൃത്യമായി നടത്തുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.