ന്യൂഡല്‍ഹി: ഭോജ്പൂരി യൂട്യൂബര്‍ മാള്‍തി ദേവിയുടെ മരണം സ്ത്രീധന കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് ദീപ് ചന്ദ് ചൗഹാന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പോലീസില്‍ പരാതി നല്‍കി.

വ്യാഴാഴ്ചയാണ് സന്ത് കബീര്‍ നഗറിലെ വീട്ടില്‍ മാള്‍തി ദേവിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള്‍തിയുടെ ഭര്‍ത്താവ് വിഷ്ണു സ്ത്രീധനം ആവശ്യപ്പെട്ട് സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

ആറര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള മാള്‍ട്ടി ചൗഹാന്‍ ഫണ്‍ എന്ന യൂട്യൂബ് ചാനലിന്‍റെ ഉടമയായിരുന്നു മാള്‍തി. ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുന്നുണ്ടെന്ന് കാട്ടി അടുത്തിടെ ഇവർ ചില വീഡിയോകള്‍ പങ്കുവെച്ചിരുന്നു.

യുവതിയുടെ പിതാവിന്‍റെ പരാതിയ്ക്ക് പിന്നാലെ ഭര്‍ത്താവ് വിഷ്ണു കുമാറിനും മൂന്ന് ബന്ധുക്കള്‍ക്കുമെതിരെ മഹുലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.