ഗുരുദ്വാരയിൽ വെടിവയ്പ്പ്: പോലീസുകാരന് കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്
Thursday, November 23, 2023 4:52 PM IST
ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിൽ പോലീസുകാരൻ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. കപൂർത്തലയിലെ സുൽത്താൻപൂർ ലോധിയിലെ ഗുരുദ്വാര അകൽ ബംഗയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.
ഗുരുദ്വാരയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമായിരുന്നു ആക്രമണത്തിൽ കലാശിച്ചത്. ഗുരുദ്വാര കൈയേറിയതിനെ തുടർന്ന് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരാൾ പോലീസിന് നേരെ വെടിയുതിർത്തത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഗുരുദ്വാരയ്ക്കകത്ത് മുപ്പതോളം നിഹാംഗുകൾ തമ്പടിച്ചിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായതിനാൽ ഗുരുദ്വാരയിൽ കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
നവംബർ 21-ന് ഗുരുദ്വാരയിൽ നിന്നും പിരിഞ്ഞു പോയ ഒരു വിഭാഗത്തിന് നേതൃത്വം നൽകുന്ന സന്ത് ബാബ മാൻ സിംഗ് തന്റെ കൂട്ടാളികളോടൊപ്പം ബലമായി ഗുരുദ്വാരയിൽ പ്രവേശിച്ചു. ഇപ്പോൾ ഗുരുദ്വാര കൈകാര്യം ചെയ്ത് വരുന്ന നിർവൈർ സിംഗ്, ജഗ്ജിത് സിംഗ് എന്നിവരെ ആക്രമിക്കുകയും ഇവരുടെ ഫോണും പണവും പിടിച്ചെടുക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ജഗ്ജിത് സിംഗിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാബാ മാൻ സിംഗിനും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണത്തിനായി എത്തിയപ്പോഴായിരുന്നു അക്രമികൾ പോലീസ് സംഘത്തിന് നേരെ വെടിയുതിർത്തത്.
2020ൽ പട്യാലയിൽ നിഹാംഗ് പ്രതിഷേധക്കാർ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈ വെട്ടിയിരുന്നു. കോവിഡ് കാലത്ത് ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു അക്രമം.