ദ്രാവിഡ് പരിശീലകൻ പദവി ഒഴിഞ്ഞേക്കും; ലക്ഷമൺ പകരക്കാരനാകും
Thursday, November 23, 2023 4:16 PM IST
മുംബൈ: രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകൻ പദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. ദേശീയ ക്രിക്കറ്റ് അക്കാഡമി ഡയറക്ടർ സ്ഥാനത്തേക്ക് മടങ്ങാനാണ് താത്പര്യമെന്ന് അദ്ദേഹം ബിസിസിഐയെ അറിയിച്ചുവെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ദ്രാവിഡോ ബിസിസിഐയോ സ്ഥിരീകരിച്ചിട്ടില്ല.
ഏകദിന ലോകകപ്പോടു കൂടി ദ്രാവിഡിന്റെ കരാർ കാലാവധി അവസാനിച്ചിരുന്നു. കരാർ നീട്ടുന്നത് സംബന്ധിച്ച് ആലോചനകൾ ഒന്നും നടത്തിയിട്ടില്ലെന്നാണ് ലോകകപ്പ് ഫൈനലിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ദ്രാവിഡ് വ്യക്തമാക്കിയത്.
ഇന്ന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിൽ വി.വി.എസ്.ലക്ഷമൺ ആണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ദ്രാവിഡിന്റെ അഭാവത്തിൽ മുൻപും ടീം ഇന്ത്യയുടെ പരിശീലക പദവി വഹിച്ചിട്ടുള്ള ലക്ഷമൺ അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നും റിപ്പോർട്ടുകളുണ്ട്.
2021-ൽ പരിശീലക സ്ഥാനം ഏറ്റ ദ്രാവിഡിന്റെ ശിക്ഷണത്തിൽ ടീം ഇന്ത്യയ്ക്ക് ഐസിസി കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞിട്ടില്ല. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഏകദിന ലോകകപ്പ് എന്നീ ടൂർണമെന്റുകളുടെ ഫൈനലിൽ എത്തിയതും ഏഷ്യാകപ്പ് കിരീടനേട്ടവുമാണ് കരിയറിൽ എടുത്തുകാട്ടാനുള്ളത്.
2022-ലെ ട്വന്റി-20 ലോകകപ്പിൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യൻ ടീം സെമിഫൈനൽ വരെ എത്തിയെങ്കിലും ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായിരുന്നു.