ആണ്ടി വലിയ അടിക്കാരന് ആണെന്ന് ആണ്ടി തന്നെ പറയുന്നത് പോലെയാണ് ഈ മുഖ്യമന്ത്രി: സതീശന്
Thursday, November 23, 2023 2:30 PM IST
തിരുവനന്തപുരം: ഇരിക്കുന്ന സ്ഥാനത്തെ മറന്നുകൊണ്ടുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നതെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വി. ഡി. സതീശന്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കടുത്ത ഭാഷ തന്നെ തുടരും. മുഖ്യമന്ത്രി ആ പദവിയിലിരുന്ന് എന്താണ് പറഞ്ഞതെന്നും സതീശന് ചോദിച്ചു.
"പഴയങ്ങാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐക്കാര്‍ തല്ലിച്ചതച്ചപ്പോള്‍ ഇപ്പോള്‍ നടന്നത് പോലെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനം തുടരണമെന്ന് പിണറായി വിജയന് പറഞ്ഞത് മുഖ്യമന്ത്രി പദത്തിലിരുന്നാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ചതില്‍ ഡിവൈഎഫ് ഐ നേതാക്കള്‍ക്കെതിരേ വധശ്രമത്തിന് കേസ് എടുത്തതില്‍ ജീവന് രക്ഷാ പ്രവര്‍ത്തനമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി ഇതുപോലെ പറഞ്ഞാല്‍ കടുത്ത ഭാഷയില്‍ തന്നെ പ്രതികരിക്കും' -സതീശന് പറഞ്ഞു.
നവകേരള സദസ് വലിയ വിജയമാണെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. ഇത് ആണ്ടി വലിയ അടിക്കാരന് ആണെന്ന് ആണ്ടി തന്നെ പറയുന്നത് പോലെയാണെന്ന് സതീശന് പരിഹസിച്ചു.
കേരളത്തില്‍ ഒന്നും നടക്കാത്തത് കൊണ്ടാണ് നവകേരള സദസില്‍ പരാതി കൂടാന്‍ കാരണ. ഈ പരാതികള്‍ പരിഹരിക്കുന്നില്ലെന്നല്ല പറഞ്ഞത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ എന്ത് തീരുമാനമെടുത്തുവെന്നാണ് ചോദിച്ചത്.
ഭരണസിരാ കേന്ദ്രമായ തിരുവനന്തപുരത്ത് മന്ത്രിമാര്‍ ആരുമില്ല. മഴക്കെടുതി നോക്കേണ്ട മന്ത്രിമാര്‍ വിനോദയാത്രയിലാണെന്ന് അദ്ദേഹം കുറ്റെപ്പടുത്തി.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അധിക്ഷേപ പരാര്‍മശം സതീശന് തള്ളി. അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് ഷിയാസിനോട് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊല്ലാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി കൊലപാതകിയാണെന്നും തന്തക്ക് പിറന്നവനാണെങ്കില്‍ രാജിവെച്ച് പോകണമെന്നുമായിരുന്നു കൊച്ചിയില്‍ കെഎസ്യു മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ ഷിയാസ് നടത്തിയ പരാമര്‍ശം.
കഴിഞ്ഞദിവസം മുഖ്യമന്ത്രി ക്രിമിനൽ ആണെന്ന് സതീശന് വിമര്‍ശിച്ചിരുന്നു. ഇതിനെതിരേ രാവിലെ കല്‍പ്പറ്റയില്‍ പിണറായി വിജയന് പ്രതികരിച്ചിരുന്നു.
ഇരിക്കുന്ന സ്ഥാനത്തെ മറന്നുകൊണ്ടുള്ള പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്. അദ്ദേഹത്തിന്റെ രീതിയും ഉപയോഗിക്കുന്ന ഭാഷയും മാറി. ഇത് നവകേരളസദസിനെ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ കാര്യങ്ങളെ പറ്റിയും അവഗാഹം ഉള്ളയാള്‍ എന്ന് സ്വയം ചിന്തിക്കുന്ന ആളാണ് സതീശനെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു.