സ്ത്രീവിരുദ്ധ പരാമർശം; മൻസൂർ അലിഖാൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
Thursday, November 23, 2023 12:43 PM IST
ചെന്നൈ: തൃഷയ്ക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. കടുത്ത പനിയും ചുമയും ആരോഗ്യപ്രശ്നങ്ങളും കാരണം ഇന്നത്തെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് മൻസൂർ പോലീസിനെ അറിയിച്ചിരിക്കുന്നത്.
സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ ചെന്നൈ പ്രിൻസിപ്പൽ കോടതിയിൽ മൻസൂർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾചുമത്തിയാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
നടനെതിരെ കേസെടുക്കാൻ ദേശീയ വനിത കമ്മീഷൻ, തമിഴ്നാട് ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം താൻ നടത്തിയ പരാമർശത്തിൽ മാപ്പുപറയില്ലെന്ന് വ്യക്തമാക്കി മൻസൂർ ബുധനാഴ്ച രംഗത്തെത്തിയിരുന്നു. സിനിമയിലെ ബലാത്സംഗ രംഗങ്ങൾ യഥാർത്ഥമല്ല. തൃഷയ്ക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും വിവാദത്തിലൂടെ കൂടുതൽ പ്രശസ്തനായെന്നും മൻസൂർ അവകാശപ്പെട്ടു.