കരിമഠം കോളനിയിലെ കൊലപാതകം: ഇന്‍സ്റ്റാഗ്രാം വഴി വധഭീഷണിയുണ്ടായിരുന്നുവെന്ന് പോലീസ്
വെബ് ഡെസ്ക്
Thursday, November 23, 2023 6:52 AM IST
തിരുവനന്തപുരം: കരിമഠം കോളനിയില്‍ പത്തൊമ്പതുകാരനെ ലഹരി സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ്. അര്‍ഷാദിനെ വകവരുത്തുമെന്ന് ഒന്നാം പ്രതി ധനുഷിന്‍റെ സംഘത്തിലുള്ള ഒരാള്‍ ഇന്‍സ്റ്റാഗ്രാം വഴി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
അര്‍ഷാദിനെ വകവരുത്തുമെന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇടുകയായിരുന്നുവെന്ന്
പോലീസ് അറിയിച്ചു. മറ്റേതെങ്കിലും തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്.
കരിമഠം കോളനിയിലെ അലിയാര്‍-അജിത ദന്പതികളുടെ മകന്‍ അര്‍ഷാദ് (19)നെ ലഹരിവില്‍പ്പന സംഘം ചൊവ്വാഴ്ച വൈകിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത്. അര്‍ഷാദിന്‍റെ സഹോദരന്‍ അല്‍ അമീനും (23) കൈക്ക് വെട്ടേറ്റു.
കോളനി കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവില്‍പ്പനയെ അര്‍ഷാദും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മഠത്തില്‍ ബ്രദേഴ്‌സ് എന്ന പേരില്‍ രൂപീകരിച്ച സാംസ്‌കാരിക കൂട്ടായ്മ ലഹരി വില്‍പ്പനയെ എതിര്‍ത്തിരുന്നു.
അഭിപ്രായ വ്യത്യാസങ്ങള്‍ ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞ് അര്‍ഷാദിനെയും കുട്ടുകാരെയും പ്രതികള്‍ ഉള്‍പ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രതികള്‍ വെട്ടുകത്തികൊണ്ട് അര്‍ഷാദിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്.
അര്‍ഷാദിന്‍റെ കഴുത്തിനേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ആയുധം കാട്ടിയും കല്ലെറിഞ്ഞും ഒപ്പമുള്ളവരെ പ്രതികള്‍ ഉള്‍പ്പെട്ട സംഘം വിരട്ടിയോടിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അര്‍ഷാദിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കോളനിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാകും സംസ്‌കാരം നടക്കുക. അര്‍ഷാദിന്‍റെ കൊലപാതകത്തില്‍ കോളനി നിവാസികളും പ്രദേശവാസികളും ഭീതിയിലായിരിക്കുകയാണ്.