നവകേരള സദസിൽ കൂടുതൽ സമയം പ്രസംഗിച്ചു; കെ.കെ. ഷൈലജയെ വിമർശിച്ച് മുഖ്യമന്ത്രി
Wednesday, November 22, 2023 8:32 PM IST
കണ്ണൂർ: നവകേരള സദസിൽ മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ. ഷൈലജയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.കെ. ഷൈലജ കൂടുതൽ സമയം പ്രസംഗിച്ചുവെന്ന് അവകാശപ്പെട്ടാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.
"21 പേരാണ് നവകേരള സദസിൽ ഉള്ളതെങ്കിലും മൂന്നു പേര് സംസാരിക്കുകയെന്ന ക്രമമാണുള്ളത്. ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നുവെന്നു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണ്'. മുഖ്യമന്ത്രി പ്രസംഗിച്ചു.
മട്ടന്നൂരിലെ പരിപാടി അത്ര വലിയ പരിപാടിയായി തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു. എല്ലാ സ്ഥലത്തും ജനങ്ങള്‍ തിങ്ങി നിറയുന്ന സ്ഥിതിയാണുള്ളത്. ഒരു കള്ളവും ഇല്ലാത്ത കുഞ്ഞ് മനസ്, നവകേരള യാത്രയില്‍ തങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ വന്ന് കൈവീശി കാണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.