മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരുകടന്നത്; പ്രതിഷേധത്തെ നേരിട്ടത് ശരിയായില്ല: ചെന്നിത്തല
Wednesday, November 22, 2023 3:50 PM IST
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം കൊടുത്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നവ കേരള സദസിനെതിരെ പ്രതിഷേധിക്കേണ്ട ആവശ്യമില്ല. പഴയങ്ങാടിയിൽ നടന്നത് ഒറ്റപ്പെട്ട പ്രതിഷേധമാണ്. അതിനെ നേരിട്ടത് ശരിയായില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരു കടന്നതാണെന്നും പറഞ്ഞ വാക്കുകൾ പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പ്രകോപനം ഉണ്ടാക്കുകയാണ്. പ്രതിഷേധക്കാർക്ക് എതിരെ നിയമപരമായ നടപടി എടുക്കാമായിരുന്നു. അതല്ല ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
നവകേരള സദസ് വൻപരാജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടിയാണെന്നും സിപിഎം പാർട്ടി പ്രവർത്തകർ മാത്രമാണ് ഇതിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും ഒരാൾക്ക് പരാതി മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് കൊടുക്കാനാവുന്നില്ല. ഇത് മുഖം നഷ്ടപ്പെട്ട എൽഡിഎഫ് സർക്കാറിന്റെ മുഖം നന്നാക്കാനുള്ള പാഴ്വേല മാത്രമാണ്. സർക്കാർ പരിപാടിയാണെങ്കിൽ ഈ വേദിയിൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി വിമർശിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു.