നവകേരള സദസ്: കുഞ്ഞാലിക്കുട്ടി രാവിലെ ഇടത്തേക്ക്; ഉച്ചയ്ക്ക് വീണ്ടും വലത്തേക്ക്
Wednesday, November 22, 2023 2:53 PM IST
മലപ്പുറം: നവകേരള സദസുമായി ബന്ധപ്പെട്ട് രാവിലെ യുഡിഎഫിനെ വെട്ടിലാക്കി പ്രസ്താവന ഇറക്കിയ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് മണിക്കൂറുകൾക്കുള്ളിൽ മനംമാറ്റം. മലപ്പുറത്ത് നവകേരള സദസിനെതിരേ പ്രതിഷേധം ഉണ്ടാകില്ലെന്ന അദ്ദേഹത്തിന്റെ പ്രതികരണം ചർച്ചയായതോടെയാണ് ഉച്ചയ്ക്ക് നിലപാട് മാറ്റി രംഗത്തെത്തിയത്.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തെയാണ് കുഞ്ഞാലിക്കുട്ടി തള്ളിപ്പറഞ്ഞത്. ഇത്തരമൊരു പ്രതിഷേധത്തിന് യുഡിഎഫ് ആഹ്വാനം ചെയ്തിട്ടില്ലെന്നും മലപ്പുറത്ത് ഇത്തരം പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പ്രതികരണം വാർത്തയായതോടെ മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞതെല്ലാം വിഴുങ്ങി. ക്രൂരമായ മർദനമാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധക്കാർക്കെതിരേ നടന്നതെന്നും ഇതിന്റെ സ്വാഭാവിക പ്രതികരണം മലപ്പുറത്തും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇടത് അനുകൂലമെന്ന ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.