തിരൂരിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചിൽ ശക്തമാക്കി
Wednesday, November 22, 2023 1:27 AM IST
മലപ്പുറം: തിരൂര്‍ നഗരസഭയിൽ പുലിയിറങ്ങിയെന്ന അഭ്യൂഹത്തെത്തുടർന്ന് തിരച്ചിൽ ശക്തമാക്കി. ചൊവ്വാഴ്ച രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന മുഹമ്മദ് അനീസാണ് പുലിയെ കണ്ടതായി പറഞ്ഞത്.
താനാളൂര്‍ മൂന്നാംമൂലയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെ പുലി നായയെ കടിച്ചു കൊണ്ട് കാട്ടിലേക്ക് ഓടുന്നത് കണ്ടുവെന്നാണ് അനീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തിരൂര്‍ നഗരസഭ വൈസ് ചെയര്മാന് രാമന്‍കുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത എന്നിവര്‍ സ്ഥലത്തെത്തി. ടിഡിആര്‍എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്.